13 ഉപസംഹാരം
- സർ, ഇനി ഞാൻ ഉപസംഹാരത്തിലേയ്ക്ക് കടക്കട്ടെ. ഈ ബജറ്റ് അവതരണം തുടങ്ങിയ വേളയിൽ മുന്നോട്ടുവച്ച വികസന കാഴ്ചപ്പാടിനോട് നീതിപുലർത്താൻ കഴിഞ്ഞിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. പാവങ്ങൾക്ക് സമ്പൂർണ്ണ സംരക്ഷണം ഉറപ്പുവരുത്തി ക്കൊണ്ട് സുസ്ഥിരവും ദുതസാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് മുന്നോട്ടു വച്ചിട്ടുള്ളത്. അവയൊക്കെ ഞാൻ ആവർത്തിക്കുന്നില്ല. പക്ഷേ സർ, നൂൽ പാലത്തിൻമേൽകൂടിയുള്ള നടത്തമാണിതെന്ന് ജാഗ്രതപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ വലിയ റവന്യൂകമ്മി കണ്ട് ഭയപ്പെടാതെ മൂലധന നിക്ഷേപം വർദ്ധിപ്പിക്കുകയാണ്. പക്ഷേ, റവന്യൂകമ്മി നിയന്ത്രണാധീനമാക്കുക മാത്രമല്ല അഞ്ചാം വർഷം ഇല്ലാതാക്കാനും കഴിയണം. ഇതിന് റവന്യൂ വരുമാനം വർദ്ധിച്ചേ പറ്റൂ. ബഹുജനങ്ങളോടുള്ള എന്റെ അഭ്യർത്ഥന ഇതാണ്. നിങ്ങൾ എന്തു വാങ്ങുമ്പോഴും ബില്ല് ചോദിച്ചു വാങ്ങണം. മറ്റൊരു കാര്യം മൂലധന ചെലവിലുള്ള ധാരാളിത്തം കണ്ട് ഇതുപോലെ റവന്യൂ ചെലവും വർദ്ധിപ്പിക്കാമെന്ന് ഒരാളും കരുതരുത്. പദ്ധതിയേതര ചെലവിൽ ഇന്നുള്ള ശമ്പളവും പെൻഷനും പലിശയും ഒഴിവാക്കാനാവില്ല. പക്ഷേ ബാക്കിയുള്ള ചെലവുകൾ കർശനമായി നിയന്ത്രിച്ചേ പറ്റൂ. അല്ലാത്തപക്ഷം കാര്യ ങ്ങൾ കൈവിട്ടുപോകും.
- സർ, 2015-16-ലെ സംസ്ഥാന സർക്കാരിന്റെ വരവു-ചെലവിന്റെ സംക്ഷിപ്തരൂപം പരിശോധിച്ചാൽ ഞാൻ പറഞ്ഞ സാധ്യതകളും അപകടങ്ങളും വ്യക്തമായി കാണാൻ കഴിയും.
| റവന്യൂ വരവ് | 84616.85 |
| റവന്യൂ ചെലവ് | 97.683.10 |
| റവന്യൂ കമ്മി | (-)1306625 |
| മൂലധന ചെലവ് (തനി) | (-)9540.86 |
| വായ്പകളും മുൻകൂറുകളും (തനി) | (-)532.78 |
| പൊതുകടം (തനി) | 17926.14 |
| പൊതുകണക്ക് (തനി) | 4502.37 |
| ആകെ കമ്മി | (-)711.38 |
| വർഷാരംഭ രൊക്ക ബാക്കി | (-)105.21 |
| വർഷാന്ത്യ തൊക്ക ബാക്കി | (-)816.59 |
| ഇപ്പോൾ പ്രഖ്യാപിച്ച അധിക ചെലവ് | 730.10 |
| പ്രഖ്യാപിച്ച ഇളവുകൾ | 5.00 |
| അധിക വിഭവ സമാഹരണം | 805.00 |
| വർഷാന്ത്യ രൊക്ക ബാക്കി | (-)746.69 |
- 13,066 കോടി രൂപയാണ് റവന്യൂകമ്മി. 17,926 കോടി രൂപ പൊതുകടം ലഭിക്കുന്നതിൽ 73 ശതമാനവും ഈ കമ്മി നികത്താൻ ചെലവഴി ക്കേണ്ടി വരും. പൊതുകണക്കിൽ 4502 കോടി രൂപ അധികവായ്ക്കപ എടുക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയിൽ മൂലധന ചെലവിൽ ഗണ്യമായ വർദ്ധന മുൻവർഷത്തെ അപേക്ഷിച്ച് വകയിരുത്തി യിട്ടുണ്ട്. ഇതിനു പുറമേയാണ് പ്രത്യേക ഉദ്ദേശ സംവിധാനങ്ങൾ വഴി വലിയതോതിൽ മുതൽ മുടക്ക് വർദ്ധിപ്പിച്ചിട്ടുള്ളതുമാണ്. ഇത്തര ത്തിൽ വായ്പ എടുക്കാനുള്ള വിശ്വാസ്യത സർക്കാരിന് ഉണ്ടാകണ മെങ്കിൽ വരും വർഷങ്ങളിൽ റവന്യൂകമ്മി ഗണ്യമായി കുറച്ചേ തീരു. അല്ലാത്തപക്ഷം നമ്മൾ വഴിമുട്ടും. എന്നാൽ ഇത്തരമൊരു പരീക്ഷണം ഏറ്റെടുക്കുന്നതിനുള്ള ഇച്ഛാശക്തിയും അച്ചടക്കവും പിണറായി വിജയൻ സർക്കാരിന് ഉണ്ടെന്ന് എനിക്ക് വിശ്വാസമുണ്ട്.
- സർ, മലയാളിയുടെ അഭിമാനമായ കവി ഒ.എൻ.വി കുറുപ്പ് പ്രത്യേകം എഴുതിത്തന്ന വരികളോടെയാണ് 2011-ലെ ബജറ്റ് ഞാൻ അവതരിപ്പി ച്ചത്. അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ല. അദ്ദേഹം ജനിച്ച ഗ്രാമം ഒ.എൻ.വി കാവ്യഗ്രാമം ആയി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കും. ഒ.എൻ.വി.യുടെ ദിനാന്തം എന്ന അവസാന കാവ്യത്തിലെ അവസാന വരികൾ ഉദ്ധരിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു.
“ഏതീരടി ചൊല്ലി നിർത്തണമെന്നറിയാതെ
ഞാനെന്തിനോ കാതോർത്ത് നിൽക്കവേ
നിശബ്ദരാക്കപ്പെടുന്ന മനുഷ്യർതൻ
ശബ്ദങ്ങളെങ്ങുനിനോ കേൾക്കുന്നു
നമ്മൾ ജയിക്കും ജയിക്കുമൊരുദിനം
നമ്മളൊറ്റക്കല്ല നമ്മളാണീഭൂമി”
- 2016-17-ലേയ്ക്കുള്ള ബജറ്റ് ഞാൻ സഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നു. ഈ സാമ്പത്തിക വർഷത്തെ അടുത്ത 3 മാസത്തേക്കുള്ള (ആഗസ്റ്റ് - ഒക്ടോബർ) വോട്ട് ഓൺ അക്കൗണ്ടും സഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നു.
- ജയ്ഹിന്ദ് -