4 പാവങ്ങളുടെ തൊഴിൽത്തുറകൾ
- സർ, പാവങ്ങളുടെ തൊഴിൽ മേഖലകളുടെ സംരക്ഷണ പദ്ധതികളിലേയ്ക്ക് ഞാൻ തിരിച്ചുവരട്ടെ.
4.1 കൃഷി
- കഴിഞ്ഞ രണ്ടു വർഷമായി കാർഷികമേഖലയുടെ ഉൽപ്പാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ മുരടിപ്പിന്റെ കാലത്തുപോലും 403 കോടി രൂപ (2015-16-ൽ) വകയിരുത്തിയിട്ടും 307 കോടി രൂപയേ ചെലവഴിച്ചുള്ള (പുതുക്കിയ കണക്ക്). കാർഷികമേഖലയുടെ നിക്ഷേപത്തിലുണ്ടായ ഈ ഇടിവ് നികത്തിയേതീരൂ. കാർഷികപദ്ധതിയുടെ അടങ്കൽ 600 കോടി രൂപയായി ഉയർത്തുകയാണ്. കഴിഞ്ഞ വർഷത്തെ പുതുക്കിയ കണക്കിന്റെ ഏതാണ്ട് ഇരട്ടി തുകയാണ് ഈ ബജറ്റിൽ കാർഷികമേഖലയ്ക്കക്കായി നീക്കിവയ്ക്കുന്നത്. 217 കോടി രൂപയുടെ കേന്ദ്രാവിഷ്കൃതപദ്ധതികൾ ഇതിനുപുറമേയുണ്ട്. തദ്ദേശഭരണ സ്ഥാപ നങ്ങളുടെ വികസനഫണ്ടിൽ ഉൽപ്പാദനമേഖലകൾക്കുള്ള മിനിമം നിബന്ധന പുനഃസ്ഥാപിക്കുകയും ചെയ്യും.
- പച്ചക്കറി സ്വയംപര്യാപ്തതയ്ക്കുവേണ്ടിയുള്ള ജനകീയകാമ്പയിനായി രിക്കും ഈ വർഷത്തെ കാർഷികമേഖലയിലെ ഇടപെടലിന്റെ മുഖ്യധാര. പ്രാദേശികസർക്കാരുകളുമായി ചേർന്നായിരിക്കും ഇത് നടപ്പിലാക്കുക. കൃഷിവകുപ്പിന്റെ പച്ചക്കറിമേഖലയിലെ ഇടപെടൽ മുഖ്യമായും പച്ചക്കറി ക്ലസ്റ്ററുകൾ വഴിയാണ്. തദ്ദേശഭരണസ്ഥാപന ങ്ങളുമായി ബന്ധപ്പെട്ട കുടുംബശ്രീയുടെയും പുരുഷസ്വയംസഹായ സംഘങ്ങളുടെയും കൂട്ടായ്മകൾ പ്രവർത്തിക്കുന്നു. ഇതിനുപുറമേ കാമ്പയിൻ അടിസ്ഥാനത്തിൽ പച്ചക്കറി വ്യാപിപ്പിക്കുമ്പോൾ എല്ലാ വീട്ടുകാരേയും ചെറിയ രീതിയിലെങ്കിലും ആകർഷിക്കേണ്ടത് പ്രധാന മാണ് സർക്കാരിന്റെ കൃഷി ഫാമുകളിലും വ്യവസായ സ്ഥാപനങ്ങളു ടെയും എസ്റ്റേറ്റുകളുടെയും തരിശ് ഭൂമിയിലും കൃഷിയിറക്കാം. വിപണ നത്തിന് പ്രൊഡ്യൂസർ കമ്പനികളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. നല്ല കൃഷിക്കാരെയും മുൻ കൃഷിഉദ്യോഗസ്ഥരെയും മറ്റു കൃഷിവിദ ഗ്ദ്ധരെയും യോജിപ്പിച്ചുകൊണ്ട് പച്ചക്കറി ക്ലിനിക്കുകൾ സംഘടിപ്പിക്കു കയും കൃഷിക്കാർക്ക് സാങ്കേതിക പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യും. പച്ചക്കറി പ്രൊഡ്യസേഴ്സ് കമ്പനികൾക്കും, വിപണന സൗകര്യം ഒരുക്കുന്നതിനും വേണ്ടി 25 കോടി രൂപ അധികമായി വകയിരുത്തുന്നു. അങ്ങനെ പച്ചക്കറി മേഖലയുടെ അടങ്കൽ 100 കോടി രൂപയായിരിക്കും. തദ്ദേശഭരണസ്ഥാപനങ്ങൾ മറ്റൊരു 100 കോടി രൂപ കൂടി മുതൽമുടക്കുമെന്ന് കരുതുന്നു. കൃഷിവകുപ്പിന്റെ നടീൽവസ്തു ക്കൾ ഉൽപാദകസ്കീമിനെയും എക്സ്റ്റൻഷൻ പ്രവർത്തനങ്ങളെയും ആഗോ സർവ്വീസ് സെന്ററുകളെയും കാമ്പയിനുമായി സംയോജിപ്പി ക്കാനാകും.
- പച്ചക്കറി ഇടവിളയായി കൃഷി ചെയ്യുന്നത് നാളികേരകൃഷിക്കും സഹായകരമാണ്. നാളികേരകൃഷിക്കാരുടെ ഉൽപ്പാദനസംഘങ്ങളും പ്രൊഡ്യസർകമ്പനികളും സാർവ്വത്രികമാക്കും. മൂല്യവർദ്ധിത ഉൽപന്ന യൂണിറ്റുകൾ ആരംഭിക്കുന്നതിന് പ്രൊഡ്യസർ കമ്പനികളുമായി ബന്ധ പ്പെടുത്തിക്കൊണ്ട് നാളികേര പാർക്കുകൾ ആരംഭിക്കുന്നതാണ്. നാളികേര സംഭരണത്തിന് 25 കോടി രൂപയാണ് വകയിരുത്തി യിട്ടുള്ളത്. വെളിച്ചെണ്ണയുടെ നികുതിയിൽ നിന്നും ലഭിക്കുന്ന വരുമാനം നാളികേര കൃഷിക്കാർക്ക് സബ്സിഡിയായി നൽകുവാൻ തീരുമാനിക്കുന്നു. സംഭരണത്തിനുള്ള അടങ്കൽ 100 കോടി രൂപയായി ഉയർത്തുന്നു.
- നെൽക്ക്യഷി പ്രോത്സാഹനം ഭക്ഷ്യസുരക്ഷയ്ക്കു മാത്രമല്ല, പരിസ്ഥിതിസന്തുലനത്തിനും പരമപ്രധാനമാണ്. നെൽക്ക്യഷിപ്രോത്സാ ഹനത്തിനുള്ള അടങ്കൽ 50 കോടി രൂപയായി ഉയർത്തുന്നു. നെൽക്ക്യ ഷിക്കുള്ള സബ്സിഡി വർദ്ധിപ്പിക്കും. നെൽവയലുകൾ തരിശിടാൻ പാടുള്ളതല്ല. സ്വയം കൃഷി ചെയ്യുന്നതിന് ഏതെങ്കിലും കാരണവശാൽ കഴിയുന്നില്ലെങ്കിൽ ആ ഭൂമി തദ്ദേശഭരണസ്ഥാപനങ്ങൾ രൂപംനൽകുന്ന സംഘകൃഷിക്കാർക്ക് നൽകേണ്ടതാണ്. നെൽവയൽ നികത്തുന്നതിന് 2014-15 ലെ ബജറ്റിൽ ഫിനാൻസ്ബില്ലിന്റെ ഭാഗമായി കൊണ്ടുവന്ന വ്യവസ്ഥകൾ റദ്ദാക്കും. തണ്ണീർത്തട-നെൽവയൽ സംരക്ഷണനിയമ ത്തിലെ വകുപ്പുകൾ പ്രകാരം ആയിരിക്കും ഭൂവിനിയോഗനിയന്ത്രണങ്ങ ളിൽ ഇളവുനൽകുക. സാധാരണക്കാർക്ക് വീടുവയ്ക്കുന്നതിനും മറ്റും ഇളവുലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഭൂമിയുടെ തരംതിരിവ് സംബ ന്ധിച്ച ഡേറ്റാ ബാങ്ക് ഉണ്ടാക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞ സർക്കാർ നിർത്തിവച്ചു. ഒരു വർഷംകൊണ്ട് ഡേറ്റാബാങ്ക് സ്യഷ്ടി ക്കുന്നതിന് ഏറ്റവും ആധുനികമായ ഐ.റ്റി സങ്കേതങ്ങൾ ഉപയോഗിച്ചു കൊണ്ട് ഒരു യജ്ഞം ആരംഭിക്കുവാൻ പോവുകയാണ്. ഇതിനായി 5 കോടി രൂപ അധികമായി വകയിരുത്തുന്നു.
- നെല്ല് സംഭരണവില ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ നെൽക്ക്യഷിയെ അനാകർഷകമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം കൃഷിക്കാർക്ക് പണം ലഭിക്കണം. കാർഷിക സഹകരണബാങ്കുമായി ബന്ധപ്പെടുത്തി ഇത് ഉറപ്പുവരു ത്തും. ഈ തുക പലിശ സഹിതം സർക്കാർ ബാങ്കുകൾക്കു നൽകും. നെല്ല് സംഭരണത്തിനായി 385 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
- കാർഷികത്തൊഴിൽമേഖല കൂടുതൽ ആകർഷകമാക്കുന്നതിന് തൊഴിലുറപ്പും ആധുനിക കൃഷിസങ്കേതങ്ങളിൽ പരിശീലനവും നൽകണം. അഗോസർവ്വീസ് സെന്ററുകളുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കും. ലേബർ ആർമി, ലേബർ ബാങ്ക് തുടങ്ങിയ സംവിധാന ങ്ങൾ പ്രോത്സാഹിപ്പിക്കും. ഇതിനായി 31 കോടി രൂപ വകയിരുത്തുന്നു. കാർഷിക സർവകലാശാലയുടെ അടങ്കൽ 65 കോടി രൂപയാണ്. പാരമ്പര്യ വിത്തിനങ്ങൾ സംരക്ഷിക്കുന്നതിന് 3 കോടി രൂപ വകയിരു ത്തുന്നു. കാർഷികോൽപ്പന്നങ്ങളുടെ വിപണനത്തിനുള്ള സമഗ്ര ഇടപെടലിനായി കേരള അഗ്രികൾച്ചർ മാർക്കറ്റ് പ്രോജക്ട് പുതിയ തായി ആരംഭിക്കുന്നതിന് 10 കോടി രൂപ വകയിരുത്തുന്നു.
- റബറിന്റെ വിലത്തകർച്ചയിൽനിന്നു കൃഷിക്കാർക്ക് സംരക്ഷണം നൽകുന്നതിന് കേന്ദ്രസർക്കാരിന്റെ സഹായം കൂടിയേതീരൂ. ഇതിനു വേണ്ടിയുള്ള ചർച്ചകൾ നടത്തും. ചെറുകിടകർഷകർക്ക് റബറിനു കിലോയ്ക്ക് 150 രൂപ ഉറപ്പുവരുത്തുന്നതിന് നിലവിലുള്ള വിലസ്ഥി രതാപദ്ധതി തുടരും. ഇതിലേയ്ക്കക്കായി 500 കോടി രൂപ വകയിരു ത്തുന്നു.
- കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ പ്ലാവ് പോലുള്ള ഭക്ഷ്യമരവിളകളുടെ പ്രാധാന്യം വർദ്ധിച്ചുവരികയാണ്. കേരളത്തിന്റെ പാരമ്പര്യ ഭക്ഷണ കമത്തിന്റെ ഭാഗമായിരുന്ന ചക്ക ഇന്ന് പാഴാക്കിക്ക ളയുകയാണ്. പത്തനംതിട്ട, കായകുളം കെ.വി.കെ.കളെ കേന്ദ്രീകരിച്ചു കൊണ്ട് ഇതിന്റെ ഗവേഷണത്തിനും പ്രചാരണത്തിനും ഒരു പദ്ധതി തയ്യാറാക്കുന്നതാണ്. ഇതിനായി 5 കോടി രൂപ വകയിരുത്തുന്നു.
- കുരുമുളകിന് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏലത്തിന് 10 കോടി രൂപ പുതുതായി വകയിരുത്തുന്നു. ഇടുക്കിയിലും വയനാട്ടിലും ഓരോ സ്പൈസസ് പാർക്ക് സ്ഥാപിക്കുന്നതാണ്.
- കാർഷികമൂല്യവർദ്ധിത വ്യവസായങ്ങൾ കൃഷിക്കാരുടെ പ്രൊഡ്യസർ കമ്പനികളുടെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഒട്ടേറെ പ്രഖ്യാപനങ്ങൾ വാചാലമായി ഉണ്ടാകാറുണ്ടെങ്കിലും പ്രായോഗികമായ നടപടിക്രമങ്ങൾ വിരളമാണ്. ജില്ലാ കാർഷിക ഫാമുകളുടെ സ്ഥലം ഉപയോഗപ്പെടുത്തി മൂല്യവർദ്ധിത കാർഷികോൽപ്പന്നങ്ങൾക്ക് വേണ്ടി യുള്ള ചെറുകിട ഇടത്തരം അഗോപാർക്കുകളുടെ ശൃംഖല സ്ഥാപി ക്കുന്നതിന് ഉദ്ദേശിക്കുന്നു. നടപ്പുവർഷത്തിൽ താഴെപ്പറയുന്ന ആഗോ പാർക്കുകൾക്ക് തുടക്കം കുറിക്കും. പ്രത്യേക നിക്ഷേപനിധിയിൽ നിന്നും ഇതിനായി 500 കോടി രൂപ നീക്കിവയ്ക്കുന്നു. ഈ വർഷം 50 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
- തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നാളികേര അഗ്രോപാർക്കുകൾ.
- പാലക്കാട്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നെല്ലിനെ അടിസ്ഥാനമാക്കിയുള്ള അഗ്രോപാർക്കുകൾ.
- തൃശ്ശൂരിൽ വാഴപ്പഴവും തേനും ആസ്പദമാക്കിയ അഗ്രോപാർക്ക്
- ഇടുക്കി, വയനാട് ജില്ലകളിൽ സ്പൈസസ് പാർക്കുകൾ.
- കോട്ടയം, പത്തനംതിട്ട ജില്ലകളിൽ റബ്ബർ അധിഷ്ഠിത വ്യവസായ പാർക്കുകൾ.
- തൃശ്ശൂർ ജില്ലയിലെ മാള കേന്ദ്രീകരിച്ച് ചക്കയ്ക്കു വേണ്ടിയുള്ള അഗ്രോപാർക്ക്
- ഇടുക്കി കാന്തല്ലൂരിൽ പച്ചക്കറി മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ അഗ്രോപാർക്ക്
4.2 തൊഴിലുറപ്പുപദ്ധതി
- കൃഷി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാധാരണക്കാർ പണിയെടു ക്കുന്ന മേഖലയായി തൊഴിലുറപ്പുപദ്ധതി മാറിയിട്ടുണ്ട്. ഈ വർഷത്തെ ലേബർ ബജറ്റ് പ്രകാരമുള്ള കേരളത്തിനുള്ള അലോക്കേഷൻ 2197.2 കോടി രൂപയാണ്. നിയമപ്രകാരം ആവശ്യത്തിനനുസരിച്ച് തുക അനുവദിക്കേണ്ടുന്ന പദ്ധതിയെ അലോക്കേഷൻ അടിസ്ഥാനത്തിലുള്ള പദ്ധതിയായി മാറ്റാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതുതന്നെ വലിയ തോതിൽ കുടിശികയുമാണ്. ഈ സ്ഥിതിവിശേഷം അത്യന്തം പ്രതിഷേധാർഹമാണ്. നടപ്പുവർഷത്തിൽ പരമാവധി തൊഴിലവസര ങ്ങൾ സൃഷ്ടിക്കാനായിരിക്കും നാം പരിശ്രമിക്കുക. കേന്ദ്രസർക്കാർ തൊഴിലുറപ്പുപദ്ധതിയിലെ നിബന്ധനകളിൽ വരുത്തിയ മാറ്റങ്ങൾമൂലം തൊഴിലുറപ്പ് തൊഴിലാളികൾ വലിയ അനിശ്ചിതാവസ്ഥ നേരിടുകയാ ണ്. കാർഷിക പ്രവർത്തനങ്ങൾക്കുവേണ്ടി തൊഴിലുറപ്പിനെ ഉപയോഗ പ്പെടുത്താനാവില്ല. ഈ പശ്ചാത്തലത്തിൽ മണ്ണ്-ജല സംരക്ഷണ പ്രവർത്തനത്തെ തൊഴിലുറപ്പുമായി ബന്ധപ്പെടുത്തുന്നതിന് വലിയ പ്രാധാന്യമുണ്ട്. നീർത്തടാടിസ്ഥാനത്തിൽ മണ്ണ-ജല സംരക്ഷണത്തി നുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. ജലസേചനത്തോടുകൾ വൃത്തിയാക്കലും കുളം സംരക്ഷണവും മഴക്കുഴി നിർമ്മിക്കലും മരങ്ങൾ നടലും എല്ലാം ഇതിന്റെ ഭാഗമായി ഏറ്റെടുക്കാനാകും. മണ്ണ്ജല സംരക്ഷണവകുപ്പ്, ജലസേചനവകുപ്പ്, തദ്ദേശഭരണസ്ഥാപനങ്ങൾ എന്നിവ ഏതാണ്ട് 200 കോടി രൂപ ഈ മേഖലയിൽ ചെലവഴിക്കുന്നുണ്ട്. ഇതിനെ തൊഴിലുറപ്പുമായി സംയോജിപ്പിക്കുകയാണെങ്കിൽ 1000 കോടി രൂപയുടെയെങ്കിലും തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനാകും. കൃഷി, മണ്ണ-ജല സംരക്ഷണം, ചെറുകിട ജലസേചനം എന്നിവരുടെ ഉദ്യോഗസ്ഥർ പഞ്ചായത്തുകൾക്ക് ഇതിനാവശ്യമായ സാങ്കേതിക പിന്തുണ നൽകും. ഇതുപോലെതന്നെ സാമൂഹ്യ വനവൽക്കരണത്തിനുവേണ്ടിയുള്ള വകയിരുത്തലിനെയും കൃഷിവകുപ്പിന്റെ വൃക്ഷത്തെ ഉൽപാദനത്തെയും തൊഴിലുറപ്പുമായി സംയോജിപ്പിക്കാനാവണം. സന്നദ്ധതയുള്ളവർക്ക് മുഴുവൻ 100 ദിവസത്തെ പണി നൽകുന്ന തിനുള്ള തീവയജ്ഞത്തിന് മുൻകൈയെടുക്കും.
4.3 മൃഗസംരക്ഷണവും ക്ഷീരവികസനവും
- മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും 2015-16-ൽ വകയിരുത്തിയ 378 കോടി രൂപയിൽ 275 കോടിയേ ചെലവഴിച്ചിട്ടുള്ളൂ (പുതുക്കിയ കണക്ക്). 2016-17 ൽ അടങ്കൽ 383 കോടി രൂപയായി ഉയർത്തുന്നു. ഇതിൽ 290 കോടി രൂപ മൃഗസംരക്ഷണ വകുപ്പിനും 93 കോടി രൂപ ഡയറി വകുപ്പിനുമാണ്.
- കന്നുകുട്ടിപരിപാലനത്തിന് 50 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കാലിത്തീറ്റ സബ്സിഡി 20 കോടി രൂപയായി ഉയർത്തുന്നു. മിൽക്ക്ഷെഡ് - തീറ്റപ്പുൽ വികസനത്തിന് 46 കോടി രൂപ വകയിരു ത്തുന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകിയ കന്നുകാലികൾ ചത്തു പോയതിന്റെയും കറവ ശുഷ്കമായതിന്റെയും ഫലമായി കടക്കെണിയി ലായി ജപ്തതിനടപടികൾ അഭിമുഖീകരിക്കുന്ന കൃഷിക്കാരെ സഹായി ക്കുന്നതിനായി 5 കോടി രൂപ പുതുതായി വകയിരുത്തുന്നു.
4.4 മത്സ്യമേഖല
- ആദിവാസികൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളിലൊന്നാണ് മത്സ്യത്തൊഴിലാളികൾ, വിഭവ ശോഷണമാണ് അവർ നേരിടുന്ന ഒരു മുഖ്യപ്രശ്നം. ഇതിനെ നേരിടു ന്നതിനുള്ള നയപരമായ കാര്യങ്ങൾ ഗവർണ്ണറുടെ നയപ്രഖ്യാപനത്തിൽ പരാമർശിച്ചിട്ടുണ്ട്. അതിലേക്ക് ഞാൻ കടക്കുന്നില്ല. ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യവിത്തുകൾ നിക്ഷേപിക്കുന്നതിന് ആവശ്യമായ ഹാച്ചറികൾക്കും മറ്റും വേണ്ടി 20 കോടി രൂപ വകയിരുത്തുന്നു. മൺസൂൺകാലം അവർക്ക് പഞ്ഞമാസമാണ്. 2011 ലെ എൽ.ഡി.എഫ് ബജറ്റിൽ പഞ്ഞമാസസമാശ്വാസപദ്ധതി 1800 രൂപയിൽനിന്ന് 3600 രൂപ യായി ഉയർത്തുമെന്ന് പറഞ്ഞിരുന്നു. അത് ഈ വർഷം മുതൽ പ്രാബ ല്യത്തിൽ വരികയാണ്. ഇതിനായി 10 കോടി രൂപ വകയിരുത്തുന്നു. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ കൃഷിക്കാർക്കെന്നപോലെ മത്സ്യ ത്തൊഴിലാളികൾക്കും കടാശ്വാസം പ്രഖ്യാപിച്ചു. ഭാഗികമായി നടപ്പാക്കാനേ സമയം അനുവദിച്ചുള്ളൂ. 5 വർഷക്കാലത്തിനിടയിൽ ബാക്കി കടാശ്വാസത്തിന് ഒരു നടപടിയും കഴിഞ്ഞ സർക്കാർ സ്വീകരി ച്ചില്ല. ഇതിലേയ്ക്കക്കായി 50 കോടി രൂപ വകയിരുത്തുന്നു.
- മത്സ്യത്തൊഴിലാളികൾ കടലാക്രമണത്തിന്റെ ഭീഷണിയിലാണ് ജീവിക്കുന്നത്. 42 കോടി രൂപയാണ് ഇറിഗേഷൻ വകുപ്പിന് കടൽഭിത്തി നിർമ്മാണത്തിനും മറ്റുമായി നീക്കിവച്ചിട്ടുള്ളത്. ഇത് തികച്ചും അപര്യാപ്തമാണെന്നത് വ്യക്തം. എന്നാൽ തീരസംരക്ഷണത്തിനു വേണ്ടിയുള്ള നമ്മുടെ നടപടികൾ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പുനരവലോകനം ചെയ്യേണ്ടതുണ്ട്. ഐക്യകേരളം മുതൽ ഇതിനായി ചെലവഴിച്ചിട്ടുള്ള ഭീമമായ തുക പ്രതീക്ഷിച്ച ഫലം നൽകിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ എന്താണു വേണ്ടതെന്നതു സംബന്ധിച്ച തീരദേശത്തെ ജനപ്രതിനിധികളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും തമ്മിൽ വിശദമായ ചർച്ച നടത്തി ഒരു പദ്ധതി തയ്യാറാക്കും. ആ തീരുമാനം എന്തുതന്നെയായാലും ഈ ബജറ്റിൽ ഒരു പുതിയ നിർദ്ദേശം വയ്ക്കക്കുകയാണ്. സി.ആർ.ഇസഡ് പരിധിയിൽ താമസി ക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് താൽപര്യമുണ്ടെങ്കിൽ നിലവിലുള്ള ഭൂമിയുടെ അവകാശം നിലനിർത്തിക്കൊണ്ടുതന്നെ സുരക്ഷിതമേഖല യിലേയ്ക്ക് മാറിതാമസിക്കുന്നതിന് 10 ലക്ഷം രൂപ വീതം ധനസഹായം നൽകും. കടലോരത്തുള്ള ഭൂമിയിൽ വച്ചുപിടിപ്പിക്കുന്ന കാറ്റാടിമരങ്ങളു ടെയും മറ്റും വരുമാനം ഉടമസ്ഥർക്കോ കൈവശരേഖക്കാർക്കോ ഉള്ള തായിരിക്കും. ഇതിന് എത്രപേർ സന്നദ്ധരാണെന്നത് മനസിലാക്കിയശേഷം ഇതിനായി പ്രത്യേക സ്കീം തയ്യാറാക്കും. ഇപ്പോൾ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ നടപ്പുവർഷംതന്നെ പുനരധി വസിപ്പിക്കുന്നതിനുവേണ്ടി 25 കോടി രൂപ വകയിരുത്തുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണംമൂലം പുനരധിവസിപ്പിക്കേണ്ടവരുടെ പൂർണ്ണബാധ്യത സർക്കാർ ഏറ്റെടുക്കും. വിശദമായ പഠനത്തിന്റെ അടി സ്ഥാനത്തിൽ ആവശ്യാനുസരണം ഇതിന് പണം അനുവദിക്കുന്ന താണ്. ഇതിനായി ഒരു ബജറ്റ് ഹെഡ് തുറക്കുന്നതിനുവേണ്ടി 25 കോടി രൂപ ഇപ്പോൾ വകയിരുത്തുന്നു. പ്രത്യേക നിക്ഷേപ പദ്ധതിയുടെ ഭാഗ മായി പുലിമുട്ടുകളുടെ നിർമ്മാണത്തിനായി 300 കോടി രൂപ വകയിരു ത്തുന്നു. നടപ്പുവർഷം 100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
- മത്സ്യബന്ധന തുറമുഖങ്ങൾക്കുവേണ്ടി 26 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അർത്തുങ്കൽ, വെള്ളായി, പാനൂർ, മഞ്ചേശ്വരം, കൊയിലാണ്ടി എന്നിവയാണ് ഇപ്പോൾ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രധാന തുറമുഖങ്ങൾ. ഇതിനുപുറമേ 5 വർഷമായി നിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചിരിക്കുന്ന ചെത്തി, തലശ്ശേരി തുറമുഖങ്ങൾ പൂർത്തീകരിക്കുന്നതിന് 5 കോടി രൂപ വീതം വകയിരുത്തുന്നു. മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാ ക്കേണ്ടതുണ്ട്. ഇതിനുള്ള യാനങ്ങളും പരിശീലനങ്ങളും നൽകുന്നതിന് 10 കോടി രൂപ അനുവദിക്കുന്നു.
- മത്സ്യത്തൊഴിലാളികളുടെ പാർപ്പിടനിർമ്മാണത്തിന് 100 കോടി രൂപയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്ക് 78 കോടി രൂപയും സൂക്ഷ്മതൊഴിൽ സംരംഭങ്ങൾക്ക് 5 കോടി രൂപയും വകയിരുത്തുന്നു. മത്സ്യമേഖലയുടെ മൊത്തം അടങ്കൽ 468 കോടി രൂപയാണ്. 2015-16 ൽ മത്സ്യമേഖ ലയ്ക്കക്കുള്ള വകയിരുത്തൽ 178 കോടി രൂപയായിരുന്നു. ഇതിൽ ചെലവാക്കിയതാകട്ടെ 147 കോടി രൂപയും (പുതുക്കിയ കണക്ക്).
4.5 കയർ
- ശിവഗിരി തീർത്ഥാടനത്തിന്റെ പ്രസംഗ വിഷയങ്ങളിൽ ഗുരു നിർദ്ദേശിച്ച രണ്ടെണ്ണം, കൈവേലയും സാങ്കേതികവിദ്യയുമാണ്. കയർ പോലുള്ള പരമ്പരാഗത വ്യവസായങ്ങളിലെ സാങ്കേതികവിദ്യ നവീകരിച്ചേതീരൂ. അതിൽ ഇനി അമാന്തം പാടില്ല. പക്ഷേ അതോ ടൊപ്പം കൈവേല ചെയ്തത് ജീവിക്കുന്നവരെ സംരക്ഷിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണം. അങ്ങനെ മാത്രമേ നമുക്ക് സാങ്കേതിക നവീകരണം അനിവാര്യമായി സ്യഷ്ടിക്കുന്ന സംഘർഷങ്ങൾ ഒഴിവാക്കാൻ കഴിയൂ.
- ഒരു രണ്ടാം പുനഃസംഘടനാസ്കീമിൽ കുറഞ്ഞ മറ്റൊന്നുകൊണ്ടും കയർവ്യവസായത്തെ രക്ഷിക്കാൻ കഴിയില്ല. ചകിരി ഉൽപ്പാദനം പോലെ കയർ ഉൽപാദനവും തമിഴ്നാട്ടിലേയ്ക്കു നീങ്ങുകയാണ്. യന്ത്രവൽകൃത ഉൽപാദനത്തിൽ ഗണ്യമായപങ്ക് ഇപ്പോൾത്തന്നെ തമിഴ്നാട്ടിൽ ആയിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ ആധുനീകരണ ത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാക്കുകയും യന്ത്രവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും വേണം. ചകിരി ഉൽപാദിപ്പിക്കുന്നതിന് പുതിയ യൂണിറ്റുകൾക്ക് 50 ശതമാനം ഇൻവെസ്റ്റ്മെന്റ സബ്ഡിസി നൽകും. തൊണ്ട് സംഭരണത്തിനുള്ള പിന്തുണ സർക്കാർ നൽകും. ഉൽപന്നമേഖലയിലെ പുതിയ യന്ത്രവൽകൃത ഫാക്ടറികൾക്ക് കയർബോർഡ് സബ്സിഡിക്ക് പുറമേ സംസ്ഥാനസർക്കാരിന്റെ അധിക സബ്സിഡിയായി 10 ശതമാനം സബ്സിഡി നൽകും. ആലപ്പുഴയിൽ പി.വി.സി കയർ അവശിഷ്ടങ്ങൾ സംസ്കരിച്ച ബോർഡുകളാക്കുന്നതിന് സംയുക്തസംരംഭം ആരംഭിക്കുന്നതാണ്. ഇതേ മാതൃകയിൽ മലിനജലം ശുദ്ധീകരിക്കുന്നതിനും ഒരു പദ്ധതി നടപ്പിലാക്കും. ഇതിനുള്ള പണം ആധുനീകരണത്തിനുവേണ്ടി നീക്കിവച്ചിട്ടുള്ള 68 കോടിയിൽ നിന്നു കണ്ടെത്തും.
- ഈ പുതിയ നയം നിലവിലുള്ള പരമ്പരാഗത തൊഴിലാളികളുടെ തൊഴിലിനേയോ വരുമാനത്തേയോ ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തും. ഇതിനായി സഹകരണ സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന കയർ മുഴുവൻ മിനിമംകൂലി ഉറപ്പുവരുത്തുന്ന വിലയ്ക്ക് കയർഫെഡ് സംഭരിക്കും. ഈ കയർ ഉപയോഗിച്ച ഉൽപന്നങ്ങൾ നെയ്യുന്ന ചെറുകിട ഉൽപാദകരുടെ ഉൽപാദനം മുഴുവൻ കയർ കോർപ്പറേഷൻ അംഗീകൃത കയവിലയ്ക്ക് സംഭരിക്കും. റിബേറ്റ് നൽകി ഇവ വിറ്റഴി ക്കും. ഇതിനുവേണ്ടി വിലസ്ഥിരതാഫണ്ട് 17 കോടി രൂപയിൽ നിന്ന് 100 കോടിയായി ഉയർത്തുന്നു. സംഘങ്ങളുടെ പുനഃസംഘടനയ്ക്കും മാനേജീരിയൽ സബ്സിഡിക്കും 15 കോടി രൂപ വകയിരുത്തുന്നു. പുനഃസംഘടനയ്ക്ക് വേണ്ട അധികപണം എൻ.സി.ഡി.സി.യിൽനിന്നു ലഭ്യമാക്കും.
- കയർമേഖലയോടുള്ള കഴിഞ്ഞ സർക്കാരിന്റെ സമീപനം മാപ്പ് അർഹി ക്കാത്തതാണ്. കയർമേഖലയാകെ തകർന്നിട്ടും നിരന്തരമായ സമര ങ്ങളുണ്ടായിട്ടും കഴിഞ്ഞവർഷം കയർമേഖലയ്ക്ക് വകയിരുത്തിയ 116 കോടി രൂപയിൽ ചെലവാക്കിയത് 68 കോടി രൂപയാണ്. ഇതുതന്നെ ഒരു മുൻഗണനാ ക്രമവും ഇല്ലാതെ കയർ മേഖലയ്ക്കു പുറത്ത് ഉൽപന്നഫാക്ടറി സ്ഥാപിക്കുന്നതിനും മറ്റുമാണ് വിനിയോഗിച്ചത്. നട പ്പുവർഷത്തെ അടങ്കൽ 232 കോടി രൂപയാണ്. സർ, കേരളത്തിലെ കയർ വ്യവസായത്തെയും തൊഴിലാളികളെയും ഈ സർക്കാർ സംരക്ഷിക്കും.
4.6 കശുവണ്ടി
- കശുവണ്ടി വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലാണ്. പല ഫാക്ടറികളും അടഞ്ഞുകിടക്കുന്നു. തൊഴിൽ വേതനസേവന വ്യവസ്ഥകളുടെ പൊതുനിലവാരത്തിന് അടിസ്ഥാനമായ പൊതുമേ ഖലാഫാക്ടറികളുടെയും സ്ഥിതിയും ഇതുതന്നെ. പൊതുമേഖലാ ഫാക്ടറികളുടെ ഒരു അടിസ്ഥാനപ്രശ്നം തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ ആവശ്യമായ പ്രവർത്തനമൂലധനം ഇല്ലായെന്നതാണ്. ഇതു പോലെതന്നെ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങളും കുടിശികയിലാണ്. ഇതോടൊപ്പം ഫാക്ടറികൾ നവീകരിക്കുകയും ഭാഗികമായ യന്ത്രവൽക്കരണം ഏർപ്പെടുത്തുകയും വേണം. നിലവിൽ ബജറ്റിൽ കെ.എസ്.സി.ഡി.സി.ക്ക് 30 കോടി രൂപയും ക്യാപ്പക്സിന് 8 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്ന ത്. ഈ രണ്ട് സ്ഥാപനങ്ങൾക്കും അധികമായി 75 ഉം 25 ഉം കോടി രൂപ വീതം വകയിരുത്തുന്നു. 10 കശുവണ്ടി ഫാക്ടറികളുടെ ആധുനികവൽക്കരണത്തിനുവേണ്ടി പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് 100 കോടി രൂപ അനുവദിക്കുന്നു. നടപ്പുവർഷം 25 കോടി രൂപ ഈ ആവശ്യത്തിന് മതിയാകും. കശുമാവ് കൃഷിയുടെ പ്രോത്സാഹന ത്തിന് 5 കോടി രൂപ വകയിരുത്തുന്നു.
4.7 കൈത്തറി-ഖാദി
- കൈത്തറി, യന്ത്രത്തറി വ്യവസായങ്ങൾക്ക് 71 കോടി രൂപ വകയിരു ത്തിയിട്ടുണ്ട്. ഇതിനുപുറമേ വരുമാന ഉറപ്പുപദ്ധതി നടപ്പാക്കുന്നതിനും മാർക്കറ്റ് ഇടപെടലിനും വേണ്ടി 30 കോടി രൂപ അധികമായി വകയിരു ത്തുന്നു. ഖാദി, ഗ്രാമവ്യവസായത്തിന് 14 കോടി രൂപ വീതം വകയിരു ത്തിയിട്ടുണ്ട്. വരുമാന ഉറപ്പുപദ്ധതിയുടെ ഭാഗമായി 10 കോടി രൂപ അധികമായി വകയിരുത്തുന്നു. കൈത്തറി, ഖാദി ഉൽപ്പന്നങ്ങൾക്ക് നില വിലുള്ള വരുമാന ഉറപ്പുപദ്ധതി തുടരും. തൊഴിൽ ദിനങ്ങൾകൂടി ഉറപ്പുവരുത്തുന്നതിനുവേണ്ടി കയർ മേഖലയിലുള്ള ഇടപെടലിന്റെ അനുഭവം പരിശോധിച്ച് വരുമാന ഉറപ്പുപദ്ധതി കൂടുതൽ വിപുലീകരി ക്കുന്നതാണ്. അടുത്തവർഷം മുതൽ 1 മുതൽ 8 വരെ ക്ലാസുകളിലുള്ള എല്ലാ സർക്കാർ എയ്ഡഡ് സ്കൂൾ കുട്ടികൾക്കും സൗജന്യമായി യൂണിഫോം നൽകും. ഇതിനു വേണ്ടി മേന്മയേറിയ തുണി ഉൽപ്പാദിപ്പി ക്കുന്നതിനുള്ള സ്കീം ഈ വർഷം നടപ്പിലാക്കുന്നതാണ്.
4.8 മറ്റു പരമ്പരാഗത വ്യവസായങ്ങൾ
- കരകൗശല വ്യവസായത്തിന് 8 കോടി രൂപ വകയിരുത്തുന്നു. പനമ്പ് നെയ്തത്ത് വ്യവസായത്തിന് 10 കോടി രൂപ വകയിരുത്തുന്നു. ദിനേശ് ബീഡി സഹകരണസംഘത്തിൽനിന്ന് പിരിച്ച നികുതിക്ക് പരിഹാര മായി 8 കോടി രൂപ ഗ്രാന്റായി നൽകുന്നു. കളിമൺ വ്യവസായത്തിന് 1 കോടി രൂപ വകയിരുത്തുന്നു. തകരുന്ന പാരമ്പര്യ തൊഴിലുകാരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി 5 കോടി രൂപ ആർട്ടിസാൻസ് കോർപ്പറേഷന് പ്രത്യേകം നൽകും.
- നാശോന്മുഖ പാരമ്പര്യ തൊഴിലുകളിൽ പ്രവർത്തിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ആർട്ടിസാൻസ് കോർപ്പറേഷന് 1 കോടി രൂപ അനുവദിക്കുന്നു.
- പുന്നപ്ര-വയലാർ സ്വാതന്ത്ര്യ സമരസേനാനികൾക്ക് കഴിഞ്ഞ 5 വർഷ മായി വർദ്ധിപ്പിച്ച ഡി.എ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. സമര സേനാനികളുടെ 2011 മുതലുള്ള ഡി.എ കുടിശിക അനുവദിക്കുന്നതാണ്.
- കേരള ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി, കയർ ക്ഷേമ നിധി, മത്സ്യ ക്ഷേമനിധി തുടങ്ങിയവയുടെ നിയമപ്രകാരമുള്ള അംശാദായം കയറ്റുമതിക്കാരിൽ നിന്നും വ്യാപാരികളിൽ നിന്നും ലഭിക്കുന്നില്ല. ഇക്കാര്യം അവരുടെ സംഘടനകളുമായി ചർച്ച ചെയ്തത് പരിഹരിക്കാൻ ശ്രമിക്കും.
- വർക്ക്ഷോപ്പ് ജീവനക്കാരുടെയും ഉടമകളുടെയും ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച പെൻഷൻ പദ്ധതി പ്രാവർത്തികമാക്കും.