1 ആമുഖം
- സർ, കേരള സംസ്ഥാനത്തിന്റെ 2016-17 ലെ ബജറ്റ് ഞാൻ നിയമസഭയുടെ മുമ്പാകെ അവതരിപ്പിക്കുകയാണ്.
- സർ, “നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല” എന്ന് ശ്രീ നാരായണ ഗുരു വിളംബരം ചെയ്തതിന്റെ നൂറാം വാർഷികമാണ് ഇക്കൊല്ലം. കഴിഞ്ഞ നൂറാണ്ടത്തെ കേരളത്തെ നിർണയിക്കുന്നതിൽ സർവ്വപ്രധാനമായ പങ്ക് വഹിച്ച ഒരു പ്രഖ്യാപനമാണിത്. ഈ പ്രഖ്യാപനത്തെ കേരളത്തിലെ ജനങ്ങൾ ഇന്നും പിന്തുടരുന്നു എന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച ഒരു തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്നത്തെ സർക്കാർ. എന്നത്തെയുംകാൾ ഊക്കോടെ സർവ്വസന്നാഹവുമൊരുക്കി വന്ന എല്ലാ ജാതി വർഗ്ഗീയ ശക്തികളെയും കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം ഉയർത്തിപ്പിടിച്ചു. സാമൂഹ്യജീവിതത്തിൽ മാത്രമല്ല, രാഷ്ട്രീയ സാമ്പത്തിക ദർശനത്തിലും കേരളത്തിന്റെ നവോത്ഥാന പാരമ്പര്യ ത്തിന് ഒരു വീക്ഷണമുണ്ട്. സർ, എന്റെ വിദ്യാഭ്യാസ കാലത്തെ പഠന വിഷയങ്ങളിലൊന്ന് ശ്രീനാരായണ പ്രസ്ഥാനത്തിലെ ജാതീയതയും വിപ്ലവാത്മകതയേയും കുറിച്ചായിരുന്നു. വിപ്ലവാത്മകത ഏറ്റവും ഉന്നതിയിലെത്തിയ നിമിഷങ്ങളിലൊന്നാണ് പ്രത്യേക ജാതിയിലോ മതത്തിലോ താൻ ഉൾപ്പെടുന്നില്ല എന്ന് ഗുരുവിന്റെ പ്രഖ്യാപനം. ജാതീയ തിമിരം ബാധിച്ച ചില പ്രമാണിമാർ ഇക്കാലത്താണ് ഗുരുവിനെ തിരസ്ക്കരിച്ചതും എതിരായി കേസുപോലും ഫയൽ ചെയ്തതും. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതും അതിനെ മുമ്പോട്ടു കൊണ്ടുപോകുന്നതുമായിരിക്കും ഞങ്ങളുടെ സർക്കാർ. സർ, പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനാധി പത്യമുന്നണി സർക്കാരിന്റെ പ്രഥമബജറ്റ് അടുത്ത അഞ്ചു വർഷംകൊണ്ട് കേരളത്തിൽ വരാൻപോകുന്ന പരിവർത്തനത്തിന്റെ ദിശാസുചികയാണ്.
- സംസ്ഥാന സമ്പദ്ഘടനയുടെമേൽ കരിമേഘങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു പ്രഭാതത്തിലാണ് ഞാൻ ഈ ചുമതല നിർവ്വഹിക്കുന്നത്. നാണ്യവിളകളുടെ വിലത്തകർച്ച പരിഹാരമില്ലാതെ തുടരുകയാണ്. സമ്പദ്ഘടനയിലെ മുരടിപ്പുമൂലം രണ്ടുപതിറ്റാണ്ടു കൾക്കുശേഷം ആദ്യമായി സാമ്പത്തികവളർച്ച ദേശീയ ശരാശരിയുടെ പിന്നിലായിരിക്കുകയാണ്. ഗൾഫ് പ്രതിസന്ധി ഇനിയും നീളുകയാണെങ്കിൽ വിദേശപണവരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നത് തീർച്ചയാണ്. കേരളസമ്പദ്ഘടനയിൽ 80 കളുടെ അവസാനത്തോടെ രൂപപ്പെട്ട കുതിപ്പ് ഇതോടെ അവസാനിക്കും.
- നാണ്യവിളകളുടെ വിലയെ സ്വാധീനിക്കാൻ നമുക്ക് പരിമിതമായേ കഴിയൂ. ഗൾഫ് സാമ്പത്തികനിലയും നമ്മുടെ സ്വാധീനത്തിലല്ല. അതു കൊണ്ട് സംസ്ഥാനസർക്കാർ സർവ്വശക്തിയും ഉപയോഗിച്ച് സാമ്പത്തികമേഖലയിൽ ഇടപെട്ട് ആഭ്യന്തരവരുമാനവളർച്ച ത്വരിതഗതിയിലാക്കാൻ പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. പക്ഷേ സംസ്ഥാന സർക്കാരിന്റെ ധനകാര്യപ്രതിസന്ധി ഇതിനുള്ള പ്രാപ്തി വലിയ തോതിൽ ചോർത്തിക്കളഞ്ഞിരിക്കുന്നു.
- കഴിഞ്ഞ മൂന്നു വർഷത്തെ മൊത്തം പദ്ധതി അടങ്കൽ 70152.80 കോടി രൂപയാണ്. ഇതിനുപുറമേ ബജറ്റ് പ്രസംഗവേളയിൽ 4730.79 കോടി രൂപയുടെ പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. നിശ്ചയമായും ഈ തുകകൾ നല്ല മതിപ്പുളവാക്കുന്നവയാണ്. പക്ഷേ യഥാർത്ഥത്തിൽ ചെലവാക്കാൻ കഴിഞ്ഞത് 1503.63 കോടി രൂപ മാത്രമാണ്. ലക്ഷ്യമിട്ടതിന്റെ 31.78 ശതമാനം. വികസനപദ്ധതികൾക്ക് ആവശ്യമായ പണം സർക്കാരിന്റെ പക്കൽ ഇല്ലാതെപോയി.
- ഭാവി സാമ്പത്തിക വളർച്ചയുടെ വേഗം തീരുമാനിക്കുന്നതിൽ നിർണ്ണായകഘടകമാണ് മൂലധനചെലവ്. സാമൂഹികക്ഷേമരംഗങ്ങളിൽ കേന്ദ്രീകരിച്ചിരുന്നതിനാൽ കേരളസർക്കാരിന്റെ മൂലധനച്ചെലവ് മറ്റു സംസ്ഥാന സർക്കാരുകളെ അപേക്ഷിച്ച് പാരമ്പര്യമായി വളരെ താഴ്ന്നതായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഇതിനൊരു മാറ്റം വന്നത്. മൂലധനച്ചെലവ് സർക്കാർ ചെലവിന്റെ 10.64 ശതമാനമായി 2010-11-ൽ ഉയർന്നു. എന്നാൽ അത് 2014-15 ആയ പ്പോഴേക്കും 6.51 ശതമാനമായി താഴ്സന്നു. വായ്പയെടുക്കുന്ന പണത്തിന്റെ 60-70 ശതമാനവും സർക്കാരിന്റെ ദൈനംദിന ചെലവിന് വിനിയോഗിക്കേണ്ട അവസ്ഥയാണിന്ന്. ധനകാര്യക്കമ്മീഷന്റെ തീർപ്പു പ്രകാരം അടുത്തവർഷം റവന്യൂക്കമ്മി ഇല്ലാതാക്കാൻ നമ്മൾ ബാധ്യ സ്ഥരാണ്. എന്നാൽ എന്റെ മുന്നിലുള്ള കണക്കുപ്രകാരം കഴിഞ്ഞ മൂന്നുവർഷത്തെ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ വരുംവർഷം റവന്യൂക്കമ്മി 20,000 കോടിയിലേറെ രൂപയായി ഉയരും. ശമ്പളപരിഷ്കരണത്തിന്റെ കുടിശിക തീർക്കേണ്ടിവരുന്നതു കൊണ്ടാണിത്. പക്ഷേ കാരണമെന്തുതന്നെയായാലും കടംവാങ്ങുന്ന തുക മുഴുവൻ ചെലവാക്കിയാലും ദൈനംദിനചെലവ് നടത്താൻ കഴിയാത്ത അവസ്ഥ സമ്പൂർണ്ണധനകാര്യസ്തംഭനത്തിന്റേതാണ്. ഇത്ത രമൊരു ഭാവിയല്ല നമുക്കു വേണ്ടത്. അതുകൊണ്ടാണ് ഈ സ്ഥിതി വിശേഷത്തിന്റെ കാരണങ്ങൾ ഒരു ധവളപ്രതത്തിലൂടെ ജനങ്ങളോടു വിശദീകരിക്കുവാൻ തീരുമാനിച്ചത്. സഭയുടെ മുന്നിൽ സമർപ്പിച്ച ആ രേഖയുടെ വിശദാംശങ്ങളിലേക്കു കടക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
- പ്രതിസന്ധിക്കു കാരണം സംസ്ഥാന നികുതിവരുമാനത്തിലുണ്ടായ ഇടിവാണ്. കഴിഞ്ഞ മൂന്നുവർഷക്കാലത്ത് ബജറ്റ് മതിപ്പു കണക്കു പ്രകാരം നികുതിയായി പിരിക്കേണ്ട തുക 1,26,666.62 കോടി രൂപയായി രുന്നു. ഇതിനുപുറമേ അധിക വിഭവസമാഹരണമായി 3,463.68 കോടി രൂപകൂടി പിരിക്കുന്നതിന് ലക്ഷ്യമിട്ടിരുന്നു. അങ്ങനെ മൊത്തം 1,30,130.3 കോടി രൂപ. എന്നാൽ, പിരിക്കാൻ കഴിഞ്ഞത് ലക്ഷ്യത്തിന്റെ 81.63 ശതമാനം മാത്രം. 2,3,900.68 കോടി രൂപ പിരിക്കാൻ കഴിഞ്ഞില്ല. ഇതാണ് പ്രതിസന്ധിയുടെ മൂലകാരണം. നികുതിവരുമാനത്തിന്റെ തകർച്ചയുടെ കാരണം മുഖ്യമായും നികുതിഭരണത്തിലെ കെടുകാര്യ സ്ഥതയും അഴിമതിയുമാണ്.
- ഇതോടൊപ്പം പണം ചെലവാക്കുന്നതിലെ അരാജകത്വവും ഇന്നത്തെ സ്ഥിതിവിശേഷത്തിന് കാരണമായിട്ടുണ്ട്. ബജറ്റിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്കുപകരം, പലപ്പോഴും ധനവകുപ്പിനോട് ചോദിക്കാതെയും മറികടന്നുകൊണ്ടും അപ്പപ്പോൾ കാര്യങ്ങൾ തീരുമാനമെടുക്കുന്നതു സാധാരണമായി.
- ഇതിന്റെ ഫലമായി സംസ്ഥാന ടഷറി രൂക്ഷമായ വെയ്തസ് ആൻഡ് മീൻസ് ഞെരുക്കത്തിലായി. പദ്ധതി ഫലത്തിൽ വെട്ടിക്കുറയ്ക്കേണ്ടി വന്നു. എന്നിട്ടും ട്രഷറിയെ പിടിച്ചുനിർത്തിയത് അനിവാര്യമായ പല ചെലവുകളും താൽക്കാലികമായി മാറ്റിവച്ചുകൊണ്ടാണ്. പെൻഷൻ കുടിശിക 1,074 കോടി രൂപ, കരാറുകാർക്കുള്ള കുടിശിക 1,632 കോടി രൂപ, ഇലക്ട്രോണിക്സ് ലഡ്ജർ അക്കൗണ്ടിലേയ്ക്ക് മാറ്റിയ തുക 1,431 കോടി രൂപ, ക്യൂവിൽ നിൽക്കുന്ന തുക 800 കോടി രൂപ, ക്ഷേമനിധി യിൽ നിന്നും മറ്റും എടുത്തിട്ടുള്ള കൈവായ്പകൾ 1,365 കോടി രൂപ എന്നിങ്ങനെ അടിയന്തരമായി കൊടുത്തുതീർക്കേണ്ട താൽക്കാലിക ബാധ്യതകൾ 6,302 കോടി രൂപവരും. ഈ വെയ്സ് ആൻഡ് മീൻസ് ഞെരുക്കം ഈ വർഷം മാത്രമല്ല അടുത്ത വർഷവും നമ്മുടെ നിഴലായി ഉണ്ടാകും.
- സർ, ചുരുക്കിയാണെങ്കിലും ഞാൻ ഇതൊക്കെ പറഞ്ഞത് ഒന്നും ചെയ്യാനാവില്ല എന്ന നിസഹായത പ്രകടിപ്പിക്കാനല്ല. കെടുകാര്യസ്ഥതയും അഴിമതിയും ഒഴിവാക്കിയാൽ നികുതിവരുമാനം ഗണ്യമായി ഉയർത്താൻ കഴിയും. പാവങ്ങൾക്കുള്ള സമാശ്വാസങ്ങൾക്കും അവരുടെ തൊഴിൽമേഖലയുടെ സംരക്ഷണത്തിനും ഒരുകുറവും വരുത്താനു ദ്ദേശിക്കുന്നില്ല. എന്നാൽ പുതിയ സ്ഥാപനങ്ങളും തസ്തികകളും, ആരോഗ്യം പോലുള്ള ചില മേഖലകളൊഴികെ, കഴിവതും രണ്ടുവർഷത്തേയ്ക് മാറ്റിവയ്ക്കാനാവണം. അങ്ങനെ റവന്യൂച്ചെലവ് വർദ്ധന നിയന്ത്രണാധീനമാക്കാം. ഇത് യാഥാർത്ഥ്യമായാൽ റവന്യൂക്കമ്മി കുറയ്ക്കാൻ കഴിയും. അതോടെ വായ്പയെടുക്കുന്നതിന്റെ കൂടുതൽ വിഹിതം മൂലധനച്ചെലവിനായി നീക്കിവയ്ക്കാനും കഴിയും. ഇതിൽ ഒരുഭാഗം ഉപയോഗപ്പെടുത്തി അതിന്റെ പലമടങ്ങ് പണം ബജറ്റിനു പുറത്ത് സമാഹരിച്ച് സർക്കാർനേതൃത്വത്തിലുള്ള മുതൽ മുടക്കിൽ കുതിപ്പ് ഉറപ്പുവരുത്താൻ കഴിയും. അടുത്ത അഞ്ചുവർഷം കൊണ്ട് ഒരു ലക്ഷത്തോളം കോടി രൂപ സംസ്ഥാനത്ത് മുതൽമുടക്ക് ഉണ്ടാക്കുവാൻ കഴിഞ്ഞാൽ ഇന്നു സംസ്ഥാനം നേരിടുന്ന സാമ്പത്തിക മുരടിപ്പു മറികടക്കാൻ കഴിയും.
- സർ, ഇതാണ് 2016-17 ലെ ബജറ്റിന്റെ വികസനതന്ത്രം.