3 രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ്

  1. സർ, സമ്പൂർണ്ണ സാമൂഹികസുരക്ഷയുടെ ചിത്രം പൂർത്തിയാകണമെങ്കിൽ പാവങ്ങൾ പണിയെടുക്കുന്ന തൊഴിൽത്തുറകളുടെ സംരക്ഷ ണപരിപാടികളുംകൂടി മനസ്സിലാക്കേണ്ടതുണ്ട്. അതിലേക്ക് കടക്കും മുമ്പ് ഉണ്ടാകാനിടയുള്ള ഒരു തെറ്റിദ്ധാരണ ഒഴിവാക്കട്ടെ. എല്ലാക്കാലത്തും വലതുപക്ഷക്കാർ ഉയർത്തുന്ന ഒരു വിമർശനം ഉണ്ട്. ഉള്ളത് വീതം വയ്ക്കക്കാനേ ഇടതുപക്ഷത്തിന് അറിയു; പുതിയവ ഉണ്ടാക്കാൻ അജണ്ടയില്ല. പെൻഷനും റേഷനും സുരക്ഷയും മാത്രം മതിയോ? മുരടിച്ചുകൊണ്ടിരിക്കുന്ന കേരള സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ ഒരു പരിപാടിയല്ലേ അത്യന്താപേക്ഷിതം? പാവങ്ങളെ സംരക്ഷിച്ചുകൊണ്ടുതന്നെ ദുതഗതിയിലുള്ള സാമ്പത്തികവളർച്ച ഉറപ്പുവരുത്തുവാൻ ഒരു കർമ്മ പരിപാടി ഞങ്ങളുടെ മാനിഫെസ്റ്റോ മുന്നോട്ട് വച്ചിട്ടുണ്ട്. സർക്കാരിന്റെ ധനകാര്യപ്രതിസന്ധി വലിയ പ്രതി ബന്ധങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രഥമവർഷം മുതൽതന്നെ ഇതിനായുള്ള നടപടികൾ പ്രഖ്യാപിക്കുവാൻ ആഗ്രഹിക്കുന്നു. പ്രത്യേക നിക്ഷേപ പദ്ധതി എന്നാണ് ഈ സ്കീം അറിയപ്പെടുന്നത്.
  2. അത്രയ്ക്ക് ഭീതിജനകമായ സാമ്പത്തിക അന്തരീക്ഷമാണ് നിലവി ലുള്ളത്. ഗൾഫിലെ പ്രതിസന്ധി ശ്രമിച്ചില്ലെങ്കിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം അതീവരൂക്ഷമാകും. റബർവിലയുടെ കാര്യത്തിലെന്നപോലെ ഗൾഫ് പ്രതിസന്ധിയും നമ്മുടെ പ്രദേശത്തെ മാത്രം കേന്ദ്രീകരിച്ചിട്ടുള്ള ഒന്നായതിനാൽ ദേശീയപരിഗണന ലഭിക്കണമെന്നില്ല. എന്നാൽ വിധിക്കു വഴങ്ങാൻ നാം തയ്യാറല്ല. രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം നേരിടുന്നതിന് 2008-ലെന്ന പോലെ ഒരു മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. റിസർവ്വ് ബാങ്കിന്റെ റിപ്പോർട്ടിലടക്കം നാം അന്ന് എടുത്ത നടപടി ശ്ലാഘിക്കപ്പെട്ടു. യഥാർത്ഥത്തിൽ കേരളസംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം 2008 നേക്കാൾ ഗുരുതരമായ ഒരു അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് അന്ന് 5,000 കോടിയുടെ പാക്കേജായിരുന്നെങ്കിൽ ഇന്ന് 12,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിക്കുന്നത്. ഈ പാക്കേജിൽ വലിയ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, പാർക്കുകൾ തുടങ്ങിയ മൂലധന ചെലവുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നടപ്പുവർഷത്തിൽ ഇതിൽ 2500 കോടി രൂപയെങ്കിലും ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമേ ഭൂമി ഏറ്റെടുക്കുന്നതിന് 8,000 കോടി രൂപ അടുത്ത വർഷം അവസാനിക്കുമ്പോഴേയ്ക്കും വേണ്ടിവരും. അങ്ങനെ മൊത്തം 20,000 കോടി രൂപ. ഇവ സംബന്ധിച്ച വിശദാംശങ്ങൾ ഓരോ മേഖലയുമായി ബന്ധപ്പെട്ട തുടർന്ന് നൽകുന്നുണ്ട്.
  3. എങ്ങനെയാണ് ഇത്ര ഭീമമായ ഒരു പാക്കേജിന്നുള്ള വിഭവം സമാഹരിക്കുക? ഇതിനുള്ള സമീപനം 2011 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ബജറ്റിൽ വിശദീകരിച്ചിരുന്നു. സുസ്ഥിരമായ വരുമാനം സർക്കാരിൽനിന്ന് ഉറപ്പുവരുത്തപ്പെട്ട ഒരു പ്രത്യേക കമ്പനിയുടെ മുൻകൈയിൽ കമ്പോളത്തിൽനിന്നു പണം സമാഹരിച്ച സർക്കാർനിയന്ത്രണത്തിലുള്ള സ്വതന്ത്ര ഏജൻസികൾ വഴി റോഡും മറ്റും പണിയണമെന്നതായിരുന്നു നിർദ്ദേശം. 40,000 കോടി രൂപയുടെ ബ്യഹത്തായ ഗതാഗതനിർമ്മാണ പദ്ധതിയാണ് അന്നു മുന്നോട്ടുവച്ചത്. എന്നാൽ ദൗർഭാഗ്യവശാൽ തുടർന്ന് അധികാരത്തിൽ വന്നവർ ഇതിനെ പരിഹസിച്ച് തള്ളിക്കളയുകയാണ് ചെയ്തത്. ഇടതുപക്ഷ സർക്കാരിന്റെ ഈ സമീപനം യാഥാർത്ഥ്യമായിരുന്നെങ്കിൽ കേരളത്തിൽ എന്തുവലിയ മാറ്റം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഉണ്ടാകുമായിരുന്നു. ഈ അഞ്ചു വർഷത്തെ നഷ്ടം നികത്താൻകൂടി ഉതകുന്ന രീതിയിൽ ശക്തമായി ബജറ്റിന് പുറത്ത് മൂലധനച്ചെലവ് വർദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
  4. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) 1999-ൽ സ്ഥാപിതമായ ഒരു ധനകാര്യസ്ഥാപനമാണ്. 1999-ലെ കിഫ്ബീ ആക്ടിന്റെ ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിക്കുവാൻ ഉദ്ദേശിക്കുകയാണ്. ഇത് വഴി സെബിയും ആർബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുവാൻ കിഫ്ബിയെ സജ്ജമാക്കും. സമൂലമായ നിയമ ഭേദഗതികൾ വഴി കടം വാങ്ങുന്ന പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പിക്കുവാനും നിക്ഷേപകർക്ക് അവരുടെ മുതലും പലിശയും താമസംവിനാ നൽകുമെന്നും ഉറപ്പ് നൽകുവാൻ കഴിയും. ഈ നിയമ പരിഷ്കരണം വഴി ഒരു ഫണ്ട്സ് ട്രസ്റ്റീ ഉപദേശക കമ്മീഷന് (എഫ്റ്റാക്ക്) രൂപം നൽകും. ഈ സ്വതന്ത്ര കമ്മീഷന്റെ ചെയർ പേഴ്സണായി ധനകാര്യത്തിലോ ബാങ്കിങ്ങിലോ അന്തർദേശീയ തലത്തിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള ഒരു വ്യക്തി ആയിരിക്കും. ഈ കമ്മീഷനിൽ ദേശീയ നിലവാരത്തിലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരും ബാങ്കേഴ്സ്, ഭരണകർത്താക്കളും മാതാമായിരിക്കും അംഗങ്ങൾ. എഫ്ടാക്കിന്റെ പ്രാഥമിക ലക്ഷ്യം എന്നത് ഫണ്ടിൽ സമാഹരിക്കുന്ന നിക്ഷേപങ്ങൾ വക മാറ്റി ചെലവഴിക്കാതെ അംഗീകൃത സ്കീമുകൾക്ക് മാത്രം വിന്യസിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക എന്നുള്ളതാണ്. എല്ലാ ആറുമാസം കൂടുമ്പോഴും സമാഹരിച്ച പണവും അതിൽ മിച്ചം വരുന്ന തുകയുടെ നിക്ഷേപവും കിഫ്ബിയുടെ ആക്റ്റും വ്യവസ്ഥകളും അനുസരിച്ചുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു ഫിഡലിറ്റി സർട്ടിഫിക്കറ്റ് എഫ്റ്റാക്ക് പ്രസിദ്ധപ്പെടുത്തും.
  5. രണ്ടാമതായി കിഫ്ബി ആക്റ്റിന്റെ ഭേദഗതി വഴി വയബിലിറ്റീ ഗ്യാപ്പ ഫണ്ടിങ്ങിനായും (വി.ജി.എഫ്), നിക്ഷേപകർക്കുള്ള പണത്തിന്റെ മടക്കിക്കൊടുക്കലിനും കടം എടുത്ത തുകയുടെ വീണ്ടെടുപ്പിനുമായി സർക്കാരിൽ നിന്നും ലഭിക്കേണ്ട എല്ലാ തുകകളും ആഗസ്റ്റ മാസത്തിന്റെ അവസാന പ്രവൃത്തി ദിനം തീരും മുമ്പ് കിഫ്ബീയുടെ അക്കൗണ്ടിലേക്ക് ലഭിക്കുമെന്ന് ഉറപ്പ് വരുത്തുകയാണ്. മോട്ടോർവാഹന നികുതിയുടെ ഒരു വിഹിതം എല്ലാവർഷവും നൽകുന്നതിന് നിയമപ്രകാരം വ്യവസ്ഥ ചെയ്യും. തുടക്കത്തിൽ 10 ശതമാനം, തുടർന്നുള്ള വർഷങ്ങളിൽ 10 ശതമാനം വീതം വർദ്ധന വരുത്തി അഞ്ചാം വർഷം മുതൽ 50 ശതമാനം മോട്ടോർവാഹന നികുതി കിഫ്ബിക്ക് കൈമാറും. ഇതിനുപുറമേ പെട്രോളിനു മേലുള്ള സെസും കിഫ്ബിക്കായിരിക്കും. കിഫ്ബിക്ക് ഭാവിയിൽ ഉറപ്പാക്കപെടുന്ന നിയമാധിഷ്ഠിതമായ വരുമാനമായിരിക്കും ഇത്. ഈ ഭാവി വരുമാനത്തെ സെക്യൂരറ്റൈസ് ചെയ്ത് വലിയ തോതിൽ വായ്പ എടുക്കാനാകും.
  6. ഇങ്ങനെ സമാഹരിക്കുന്ന നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റി നൽകും എന്നതാണ് നിക്ഷേപകർക്കുള്ള മൂന്നാമത്തെ ഉറപ്പ്. 2003-ലെ കേരളാ ഗവൺമെന്റ് സീലിംഗ് ഓൺ ഗവൺമെന്റ് ഗ്യാരന്റീസ് ആക്റ്റ് ഇതിനായി ഭേദഗതി വരുത്തി ഗവൺമെന്റ് ഗ്യാരന്റികളുടെ മൊത്ത പരിധി ഉയർത്തുന്നതാണ്.
  7. ഇത്തരമൊരു വിപുലമായ മൂലധന നിക്ഷേപ പദ്ധതിക്കായി ഓരോ അടിസ്ഥാന സൗകര്യ പ്രോജക്ടിന്റെയും പ്രത്യേക വിശേഷണങ്ങൾക്ക് അനുസൃതമായി താഴെപറയുന്ന കടപ്പത്രങ്ങൾ ഉപയോഗിക്കുന്നതാണ്.
  1. ജനറൽ ഒബ്ലിക്കേഷൻ ബോണ്ട്സ് വഴി (ജി.ഒ.ബോണ്ട്സ്) സർക്കാർ ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി. മറ്റ് പ്രത്യേകമായി ആവശ്യാ നുസരണം സ്യഷ്ടിക്കുന്ന എസ്.പി.വി.കൾക്ക് പണം സമാഹരിക്കും.
  2. റവന്യൂ ഒബ്ലിക്കേഷൻ ബോണ്ട്സ് (ആർ.ഒ.ബോണ്ട്സ്) വഴി നിശ്ചിതമായി വരുമാന സാദ്ധ്യതയുള്ള പ്രോജക്റ്റുകൾക്ക് പണം സമാഹരിക്കും.
  3. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി വാണിജ്യ, സഹകരണ ബാങ്കുകളിൽ നിന്ന് ടേം ലോണായി പണം സമാഹരിക്കും.
  4. ആർബിഐയും സെബിയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങൾ (ഓൾട്ടർനേറ്റീവ് ഇൻവസ്റ്റ്മെന്റ ഫണ്ട്സ് (എ.ഐ.എഫ്.), ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്, (ഇൻവിറ്റ്) ഇൻഫ്രാസ്ട്രക്ച്ചർ ഡെറ്റ് ഫണ്ട് (ഐ.ഡി.എഫ്.) വഴി പണം സമാഹരിക്കും.
  1. മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം, കിഫ്ബി സമാഹരിക്കുന്ന പണം ഒരു കാരണവശാലും സർക്കാർഖജനാവിൽ നിക്ഷേപിക്കുകയോ ഡിപ്പാർട്ടമെന്റുകൾ വഴി ചെലവഴിക്കുകയോ ഇല്ല എന്നതാണ്. ഇക്കാര്യം നിയമത്തിൽത്തന്നെ വ്യവസ്ഥ ചെയ്യുന്നതാണ്. കിഫ്ബിയുടെ മിച്ചപണം ട്രിപ്പിൾ റേറ്റഡ് ആസ്തികളിലായിരിക്കും നിക്ഷേപിക്കുക. തങ്ങളുമായി ബന്ധപ്പെട്ട ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പ്രോജക്ടുകൾക്കുള്ള തുക ഏത് ഏജൻസി വഴി ചെലവഴിക്കണമെന്ന് ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു കഴിഞ്ഞാൽ കിഫ്ബിയുമായി ധാരണാപത്രത്തിൽ ഒപ്പിടണം. സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങൾ ധാരണാ പത്രത്തിന്റെ ഭാഗമായിരിക്കും. അവ നടപ്പിലാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സി.റ്റി.ഇ.യും ഫിനാൻസ് ഇൻസ്പെക്ഷൻ വിണ്ടും അടങ്ങുന്ന ഒരു ഇൻസ്പെക്ഷൻ അതോറിറ്റി രൂപകരിക്കുന്നതാണ്. ബന്ധപ്പെട്ട ഏജൻസി മൂന്നു മാസത്തെ ചെലവുകളുടെ മതിപ്പ് തയ്യാറാക്കി സമർപ്പിച്ചാൽ പണം മുൻകൂറായി അനുവദിക്കും. അതുകൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാൻ കരാറുകാർക്ക് പണം ലഭിക്കാൻ ഒരു കാലതാമസവും ഉണ്ടാവുകയില്ല. ബജറ്റ് വർക്കുകളുടെ കൃ ഈ പ്രവൃത്തികൾക്ക് ബാധകമായിരിക്കില്ല.
  2. സർ, ഇപ്പോൾതന്നെ സർക്കാർ പ്രത്യേക എസ്.പി.വി.കൾ രൂപീകരിച്ച വൻകിട പ്രോജക്ടുകൾ ഏറ്റെടുക്കുന്ന പതിവുണ്ട്. ഒരു അർത്ഥത്തിൽ ഈ രീതിസമ്പ്രദായത്തെ ധനപരമായി കൂടുതൽ കാര്യക്ഷമമാക്കി വിപുലീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കിഫ്ബിതന്നെ ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക ലാൻഡ് ബോണ്ടുകൾ ഇറക്കാവുന്നതാണ്. ഈ ബോണ്ടുകൾ നമ്മുടെ സഹകരണ സംഘം അടക്കമുള്ള വർക്ക് സുരക്ഷിതമായ നിക്ഷേപമായിരിക്കും. പണം ഇല്ലാത്തതു കൊണ്ട് ലാൻഡ് അക്വിസിഷൻ താമസിക്കുന്ന പ്രശ്നമില്ല. ഭൂമി ഏറ്റെടു ത്തതിലുള്ള കുടിശിക അടിയന്തരമായി കൊടുത്തുതീർക്കും. ഈ വർഷം നാലുവരിപാത, ഗെയിൽ പൈപ്പ് ലൈൻ, വിമാനത്താവളങ്ങൾക്കും വ്യവസായപാർക്കുകൾക്കുള്ള ഭൂമി തുടങ്ങിയവയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 3,000 കോടി രൂപയെങ്കിലും വേണ്ടിവരും. ഇത് കിഫ്ബി വഴി ലഭ്യമാക്കും. ഇടപാടുകാരുടെ അക്കൗണ്ടിലേയ്ക്ക് കിഫ്ബിയിൽ നിന്ന് നേരിട്ട് പണം അടയ്ക്കുകയായിരിക്കും ചെയ്യുക.
  3. കാതലായ അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി എല്ലാ മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും ഇന്ന് വലിയ തോതിൽ വിഭവ സമാഹരണം ആവശ്യമാണ്. പ്രവർത്തനക്ഷമതയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും സെബിയുടെ പുതിയ ഇഷ്യു ആന്റ് ലിസ്റ്റിങ്ങ് ഓഫ് ഡെറ്റ് സെക്യൂരിറ്റീസ് മാർഗ്ഗ രേഖ പ്രകാരം സർക്കാർ ഗ്യാരന്റിയോടെ കടപ്പത്രം ഇറക്കുവാൻ അനുമതി നൽകുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനകാര്യ മാനേജ്മെന്റിൽ ആദ്യമായിരിക്കും ഇങ്ങനെയൊരു കാൽവയ്പ്.
  4. 2010-ലെ ബജറ്റിൽ നിക്ഷേപവർദ്ധനയ്ക്ക് ലക്ഷ്യമിട്ടുകൊണ്ട് ഒരു പലിശരഹിത ധനകാര്യസ്ഥാപനത്തിന്റെ നിർദ്ദേശം മുന്നോട്ടു വച്ചിരുന്നു. ഇന്നത്തെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ പശ്ചാത്ത ലത്തിൽ പലിശരഹിത ബാങ്ക് സാധ്യമല്ല. പക്ഷേ, ഒരു പലിശരഹിത ബാങ്കിതര ധനകാര്യസ്ഥാപനം രൂപീകരിക്കാൻ കഴിയും. ഇങ്ങനെ ഒരു കമ്പനി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചെങ്കിലും കഴിഞ്ഞ അഞ്ചു വർഷക്കാലം ഇതിന്റെ പ്രവർത്തനങ്ങൾ വേണ്ടത്ര പുരോ ഗമിച്ചുവെന്ന് അവകാശപ്പെടാനാകില്ല. ചേരമാൻ ഫിനാൻഷ്യൽ സർവ്വീസസ് എന്നാണ് ഇത് അറിയപ്പെടുന്നത്. റിസർവ്വ് ബാങ്ക് ഇപ്പോഴും വിഭവസമാഹരണത്തിന് ഓഹരി അല്ലാതെ ഡെപ്പോസിറ്റു കൾ അംഗീകരിച്ചിട്ടില്ല. ഈ നിലപാട് വളരെ യുക്തിരഹിതമാണ്. എങ്കിലും ഈ പരിമിതികൾക്കുള്ളിൽ നിന്നുതന്നെ ചേരമാൻ ഫിനാൻഷ്യൽ സർവ്വീസസിന്റെ പ്രവർത്തനം വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഒരു വൻകിടപദ്ധതി ഈ വർഷം ഏറ്റെടുക്കുന്നു. ബഹുരാഷ്ട്രകുത്തകകളുടെ മരുന്ന് മേഖലയിലെ നീരാളിപ്പിടുത്തത്തിന്റെ പശ്ചാത്തലത്തിൽ പൊതുമേഖലാസ്ഥാപന മായ കെ.എസ്.ഡി.പി.യുടെ നവീകരണത്തിന് പ്രത്യേകപ്രാധാന്യമുണ്ട്. 250 കോടി രൂപയുടെ മുതൽമുടക്കിൽ ജി.എം.പി. നിലവാരം അനുസരി ച്ചുള്ള ഒരു സമ്പൂർണ്ണ ആധുനിക ഫാക്ടറി സ്ഥാപിക്കുന്നതിനാണ് പരിപാടി. ഇതിനുതകുന്ന രീതിയിൽ ചേരമാൻ ഫിനാൻഷ്യൽ സർവ്വീ സസിന്റെ ഓഹരി ഉടമസ്ഥത വിപുലീകരിക്കും. നവീകരിച്ച കമ്പനി വ്യവസായ വകുപ്പിന് ലീസിന് കൈമാറും. ഈ വരുമാനത്തിൽനിന്ന് കമ്പനി ഓഹരി ഉടമസ്ഥർക്ക് ലാഭവിഹിതം നൽകും. ഈ പരീക്ഷണം വിജയിക്കുകയാണെങ്കിൽ ഈ മാതൃകയിൽ പല വൻകിടപദ്ധതികളും ഏറ്റെടുക്കാനാകും.