8 അധികാരവികേന്ദ്രീകരണം

  1. സർ, ജനകീയാസൂത്രണം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അധികാരവികേന്ദ്രീകരണ ചരിത്രത്തിൽ ഒരു പുതിയ കാലഘട്ടം തുറന്നു. അന്നുമുതൽ ഇന്നുവരെ അധികാരവികേന്ദ്രീകരണത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന സംസ്ഥാനമായിട്ട് കേരളം ഉയർന്നു. ഇതിൽ അഭിമാനിക്കുമ്പോൾതന്നെ ഈ പരീക്ഷണം തുടങ്ങിയ കാലത്ത് മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ കൈവരിക്കാനായി എന്നുപറയുവാൻ കഴിയില്ല. കഴിഞ്ഞ 5 വർഷക്കാലം വലിയൊരു തിരി ച്ചുപോക്കാണ് നടന്നത്. തദ്ദേശഭരണവകുപ്പ് മൂന്നായി, സർക്കാർ അംഗീ കരിച്ച ധനകാര്യ കമ്മീഷന്റെ ശുപാർശകൾ പാലിക്കപ്പെട്ടില്ല. ജില്ലാ ആസൂത്രണ സമിതി നോക്കുകുത്തിയായി, അഴിമതി ശക്തിപ്പെട്ടു. ഗുണഭോക്ത്യതെരഞ്ഞെടുപ്പിൽ വാർഡ്തലവിഭജനവും സ്വജനപക്ഷ പാതവും ഏതാണ്ട് സാർവ്വത്രികമായി. ഇങ്ങനെ എവിടെ നോക്കി യാലും പിന്നോട്ടടിയുടെ ദൃശ്യങ്ങളാണ് കാണാൻ കഴിഞ്ഞത്. വലിയൊരു തിരുത്ത് കുടിയേതീരൂ. ജനകീയാസൂത്രണപ്രസ്ഥാനം പുനരുജ്ജീവിച്ചേപറ്റു. സ്വപ്നങ്ങൾ തിരിച്ചു പിടിക്കണം.
  2. തദ്ദേശഭരണസ്ഥാപനങ്ങളുടെ ഉയർത്തെഴുന്നേൽപ്പ ലക്ഷ്യമാക്കുന്ന ഒരു വികസന അജണ്ടയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വയ്ക്കുന്നത്. പൊതുവിദ്യാഭ്യാസം, പൊതുആരോഗ്യം ഇവയുടെ ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിന് അന്യാദൃശ്യമായൊരു നിർമ്മാണപദ്ധതിക്ക് ഈ ബജറ്റ് തുടക്കം കുറിക്കുകയാണ്. ഇത് ഉപ യോഗപ്പെടുത്തി ഗുണനിലവാരം മെച്ചപ്പെടുത്തണമെങ്കിൽ വലിയ തോതിൽ പ്രാദേശികമായ ജനകീയ ഇടപെടൽ കൂടിയേതീരൂ. അതുപോലെ തന്നെ പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടുക, സമ്പൂർണ്ണശുചിത്വം കൈവരിക്കുക, ജലചകതകർച്ച തടയുകയും ജല സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുക എന്നിങ്ങനെ മൂന്ന് ലക്ഷ്യ ങ്ങളാണ് ബഹുജനങ്ങളെ അണിനിരത്തി നേടാൻ തീരുമാനിച്ചിട്ടുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയില്ലാതെ ഇവ നേടാനാവില്ല. ഈ പ്രശ്നങ്ങളെയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒന്നായിരിക്കും പുതിയ ജനകീയാസൂത്രണപ്രസ്ഥാനം. ഇതിനുള്ള പ്രാരംഭപ്രവർത്തന ങ്ങൾക്കും ജനകീയാസൂത്രണ സെല്ലിനും വേണ്ടി 10 കോടി രൂപ വകയി രുത്തുന്നു.
  3. അഞ്ചാം ധനകാര്യ കമ്മീഷൻ സംബന്ധിച്ച മുൻ സർക്കാർ തീരുമാനം എടുത്തിട്ടില്ല. പരിശോധിച്ച് വേണ്ട ഭേദഗതികളോടെ അംഗീകാരം നേടിക്കഴിഞ്ഞാൽ അതനുസരിച്ചായിരിക്കും ഭാവിയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പണം വകയിരുത്തുക. ഇത്തവണ 5,000 കോടി രൂപ യാണ് ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കും നിലവിലെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനാ വിഷ്കൃതപദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ള 500 കോടി രൂപ ഉപാധിര ഹിത വികസനഫണ്ടായി നൽകാൻ തീരുമാനിക്കുന്നു. ഇതോടെ മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനം ഉയർന്ന അടങ്കൽ ഉറപ്പുവരുത്തുകയാണ്.
  4. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഭാരവാഹിക ളുടെയും മാസ അലവൻസ് നിലവിലുള്ളതിന്റെ ഇരട്ടിയായി ഉയർത്തും. ഈ ജൂലൈ മാസം മുതൽ ഇത് ബാധകമായിരിക്കും. തനത് ഫണ്ടിൽനിന്നോ അത് തികഞ്ഞില്ലെങ്കിൽ ജനറൽ പർപ്പസ് ഗ്രാന്റിൽ നിന്നോ വേണം ഇതിനുള്ള തുക കണ്ടെത്താൻ.
  5. സംസ്ഥാന സർക്കാർ പിരിക്കുന്ന വാറ്റ് നികുതിയും വിൽപ്പനനികു തിയും ഗണ്യമായി ഉയർത്തിയ കഴിഞ്ഞ സർക്കാർ തദ്ദേശഭരണ സ്ഥാപ ങ്ങളുടെ കെട്ടിട നികുതി വർദ്ധിപ്പിക്കാൻ അനുമതി നൽകിയില്ല എന്നത് ഒരു വൈരുദ്ധ്യമാണ്. നികുതിനിരക്ക് വർദ്ധിപ്പിക്കണമെന്ന് സംസ്ഥാനസർക്കാർ നിർബന്ധിക്കുന്നില്ല. അത് തദ്ദേശഭരണസ്ഥാപന ങ്ങളുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, ആവശ്യമുള്ളവർക്ക് നിർണ്ണയിക്ക പ്പെട്ട മാനദണ്ഡപ്രകാരം ഒരു നിർദ്ദിഷ്ട ബാൻഡിൽ ഏറിയതോ കുറഞ്ഞതോ ആയ നിരക്ക് നിശ്ചയിക്കാവുന്നതാണ്. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് തദ്ദേശഭരണവകുപ്പ് പുറപ്പെടുവിക്കും.
  6. പുതിയതായി രൂപീകരിച്ച മുനിസിപ്പാലിറ്റികൾ, ബ്ലോക്കുകൾ എന്നിവയ്ക്ക് ആവശ്യമായ കെട്ടിടസൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന തിനും തസ്തികകൾ സൃഷ്ടിക്കുന്നതിനും ഒരു തീരുമാനവും ഉണ്ടായി ട്ടില്ല. ആന്തർ മുനിസിപ്പാലിറ്റിയുടെ കാര്യമാണ് പരമകഷ്ടം. ഇവർക്ക് കഴിഞ്ഞ മാസമാണ് തസ്തികയും ഫണ്ടും അനുവദിച്ചുകിട്ടിയത്. പുതിയ കെട്ടിടങ്ങൾ വേണ്ടുന്ന തദ്ദേശഭരണസ്ഥാപനങ്ങൾ ഇവയാണ്. ഇവയ്ക്ക് പ്രത്യേക ഏജൻസിവഴി കെട്ടിടസൗകര്യങ്ങൾ നിർമ്മിക്കുന്ന തിന് പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് 100 കോടി രൂപ വകയിരു ത്തുന്നു. 50 കോടി രൂപ നടപ്പുവർഷം ചെലവ പ്രതീക്ഷിക്കുന്നു.
  7. സോഷ്യൽ ഓഡിറ്റ് നടപ്പിലാക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങൾക്കും ഡിപ്പാർട്ടുമെന്റുകൾക്കും ആവശ്യമായ സേവനം നൽകുന്നതിന് ഒരു സ്വതന്ത്ര പ്രൊഫഷണൽ സോഷ്യൽ ഓഡിറ്റ സെന്റർ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിക്കുന്നതാണ്. ഇതിനായി 50 ലക്ഷം രൂപ വകയി രുത്തുന്നു.
  8. അധികാര വികേന്ദ്രീകരണത്തിൽ ഒരു പ്രധാനപ്പെട്ട പരിശീലന കേന്ദ്ര മായി രാജ്യത്തിനകത്തും പുറത്തും ഇന്ന് കില അറിയപ്പെടുന്നുണ്ട്. അധികാര വികേന്ദ്രീകരണം സംബന്ധിച്ച് ഉപദേശങ്ങൾക്കും പരിശീലനത്തിനുമുള്ള സഹായാഭ്യർത്ഥന മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉണ്ടാകുന്നുണ്ട്. ഇതിലേയ്ക്ക് കിലയെ പ്രാപ്തമാക്കുന്നതിന് 50 ലക്ഷം രൂപ പ്രത്യേകമായി നൽകുന്നു.
  9. തലസ്ഥാന നഗരമെന്ന നിലയിൽ തിരുവനന്തപുരത്തിനും വ്യവസായ വാണിജ്യ കേന്ദ്രമെന്ന നിലയിലും കൊച്ചിയുടെയും വികസനത്തിന് പ്രത്യേക പരിഗണന ഉണ്ടായിരിക്കും. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലെ വകയിരുത്തലുകളിൽ ഇത് പ്രകടമാണ്. ജൻറം, യൂഡിസ്മാറ്റ് തുടങ്ങിയ പദ്ധതികൾ പണം ഇല്ലാത്തതുകൊണ്ട് നില ച്ചിട്ടുണ്ട്. ഇതുവരെ ചെലവാക്കിയ പണത്തിന്റെ ഉപയോഗം ലഭിക്കണ മെങ്കിൽ ഇനി ആവശ്യമായ പണം നാം കണ്ടെത്തിയേ തീരു. ഇതുസം ബന്ധിച്ച് സമഗ്രമായ റിവ്യൂ നടത്തി യുദ്ധകാലാടിസ്ഥാനത്തിൽ ഈ പദ്ധതികൾ തീർക്കുന്നതിന് നടപടി സ്വീകരിക്കും. തിരുവനന്തപുരം ആറ്റുകാൽ മാസ്റ്റർപ്പാനിലെ അടിസ്ഥാനസൗകര്യ വികസനത്തിന് 100 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നീക്കിവയ്ക്കുന്നു. ഇതിൽ നിന്നും 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതേ മാതൃകയിൽ ശ്രീപത്മനാഭ സ്വാമിക്ഷേത്ര സമുച്ചയത്തിന്റെ വികസനത്തിനും മാസ്റ്റർപ്പാൻ ഉണ്ടാക്കും. ഇതിന്റെ വിശദമായ റിപ്പോർട്ട തയ്യാറാക്കാൻ 20 ലക്ഷം രൂപ വകയിരുത്തുന്നു. പ്രസിദ്ധരായ കൺസർവേഷൻ ആർക്കിടെക്ട്സ് കൂടിയടങ്ങുന്ന ടീമായിരിക്കും ഈ റിപ്പോർട്ട് തയ്യാറാക്കുക.

8.1 ശുചിത്വം

  1. കേരളത്തെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി മാറ്റുന്നതിനുള്ള ജനകീയ കാമ്പയിൻ നവംബർ 1 ന് ആരംഭിക്കും. അന്നാണ് ഓപ്പൺ ഡെഫിക്കേഷൻ ഫ്രീ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാൻ പോകുന്നത്. ഇതിനുവേണ്ടി കക്കൂസ് ഇല്ലാത്ത എല്ലാ വീടു കളിലും കക്കൂസ് നൽകുന്നതിനുവേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങുന്നതാണ്. വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്കരണമാണ് ശുചിത്വ ക്യാമ്പയിന് അവലംബിക്കുക. കഴിവതും ഓരോരു ത്തരും അവരവരുടെ വീടുകളിൽ തന്നെ ജൈവമാലിന്യം കമ്പോസ്റ്റാ ക്കുകയോ ബയോഗ്യാസാക്കി മാറ്റുകയോ ചെയ്യണം. അല്ലാത്തപക്ഷം സമീപത്തുള്ള കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് കേന്ദ്രത്തിൽ എത്തിച്ചുകൊടു ക്കണം. അജൈവമാലിന്യങ്ങൾ വീട്ടിൽ നിന്നു ശേഖരിച്ച് റിസോഴ്സസ് സെന്ററിൽ വച്ച് വേർതിരിച്ച് റീയുസിനോ റീസൈക്ലിങിനോ ശാസ്ത്രതീയ മറവിനോ ഉപയോഗപ്പെടുത്തണം. തദ്ദേശഭരണ സ്ഥാപനങ്ങൾ ശുചിത്വ പരിപാടിക്ക് മുൻഗണന നൽകേണ്ടതാണ്.
  2. ശുചിത്വമിഷന് 26 കോടി രൂപ വകയിരുത്തുന്നു. അനുയോജ്യമായ മാലിന്യസംസ്കരണ സങ്കേതങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിന് 50 ലക്ഷം രൂപ അനുവദിക്കുന്നു.

8.2 കുടുംബശ്രീ

  1. കേരളത്തിന്റെ അഭിമാനമായ കുടുംബശ്രീ പ്രസ്ഥാനത്തെ തകർച്ചയുടെ വക്കിൽനിന്നു രക്ഷിക്കേണ്ടതുണ്ട്. കുടുംബശ്രീക്ക് സമാന്തരമായി മറ്റു പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോ ഭം കഴിഞ്ഞ ഭരണത്തിന്റെ ആദ്യവർഷങ്ങളിൽ നടന്നു. പക്ഷേ ഒത്തു തീർപ്പു വ്യവസ്ഥകൾ പാലിക്കപ്പെടുകയുണ്ടായില്ല. കഴിഞ്ഞ 3 വർഷ ക്കാലം കുടുംബശ്രീക്ക് അനുവദിച്ച പണം 328.45 കോടി രൂപയാണ്. ലഭിച്ചപണമാകട്ടെ 215 കോടി രൂപയും. എന്തിന്, ദൂരദർശൻ നടത്തിയ റിയാലിറ്റിഷോയിലെ വിജയികളായ 16 സി.ഡി.എസുകൾക്ക് നൽകിയതുപോലും വണ്ടിചെക്കുകളായിരുന്നു. ഇത് കേരളത്തിന് അപമാനക രമായി. എന്തിന് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാന ബജറ്റ് പ്രസംഗത്തിൽ കുടുംബശീയെക്കുറിച്ച് ഒരു പരാമർശംപോലും ഉണ്ടായില്ലായെന്നത് ആകസ്മികമല്ല. സർ, കുടുംബശ്രീയുടെ ഉയർത്തെഴുന്നേൽപ്പിന്റെ കാലമായി അടുത്ത അഞ്ച് വർഷം മാറുവാൻ പോവുകയാണ്.
  2. ഏതായാലും പദ്ധതിയിൽ ഇപ്പോൾ കുടുംബശ്രീക്കായി 130 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് 200 കോടി രൂപയായി ഉയർത്തുന്നു. ഇതിൽ 50 കോടി രൂപ ആശയപദ്ധതിക്കുള്ള പൂരകസഹായത്തിനു വേണ്ടിയുള്ളതാണ്. കുടുംബശ്രീക്ക് ബാങ്കുകളിൽനിന്നു 4 ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. ഇതിനായിരിക്കും 50 കോടി രൂപ. കുടുംബശ്രീ യൂണിറ്റുകൾക്കുള്ള റിവോൾവിംഗ് ഫണ്ട്. കാർഷിക സബ്സിഡി, സൂക്ഷമതൊഴിൽ സബ്സിഡി എന്നിവ പുനസ്ഥാപിക്കുകയാണ്.